പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോവിഡ് ചികിത്സാകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ്. 

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ഓഗസ്റ്റ് 27-ാം തീയതിയാണ് കോവിഡ് പോസിറ്റീവായി പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. എന്നാല്‍  സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്.

ഇതോടെ മാതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ 16-കാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. ഇതോടെ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. 

Content Highlights: sexual assault against 16 year old girl in covid first line treatment center in pathanamthitta