പാലാ: കോളേജ് വിദ്യാർഥിനിയെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ഫോട്ടോകൾ കൈക്കലാക്കി പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള സജീർ (33) ആണ് പിടിയിലായത്.

ഒൻപതുമാസം മുമ്പാണ് കോട്ടയത്തെ കോളേജ് വിദ്യാർഥിനിയെ ഫെയ്‌സ്‌ബുക്കിലൂടെ പ്രതി പരിചയപ്പെട്ടത്. വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ഇത്. സൗദിയിൽ എയർപോർട്ട് ജീവനക്കാരാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചു. ഭാര്യയും നാലുവയസ്സുകാരനായ കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നും പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി വീഡിയോകോളിലൂടെ അശ്ലീലചാറ്റിന് ഇയാൾ പ്രേരിപ്പിച്ചു.

പെൺകുട്ടി അറിയാതെ അശ്ലീല ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടെടുത്തു. പിന്നീട് പലസ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടി. പെൺകുട്ടിയുടെ കേടായ ഫോൺ നന്നാക്കുന്നതിനായി ഇയാൾ വാങ്ങി. അതിൽനിന്ന് മുഴുവൻ നമ്പരുകളും മനസ്സിലാക്കി. പിന്നീട് സ്‌ക്രീൻഷോട്ടുകൾ കൂട്ടുകാരികൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തി. സ്‌ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാമെന്ന ഉറപ്പിൽ പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.

സജീർ വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി അകലാൻ ശ്രമിച്ചു. എന്നാൽ, വിവാഹം കഴിക്കണമെന്ന് പ്രതി നിർബന്ധിച്ചു. അതിന് വിസമ്മതിച്ച പെൺകുട്ടിയുടെ കൂട്ടുകാർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തിരുന്നു. തുടർന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്.

Content Highlights: sexual assault accused arrested