ഗാസിയാബാദ്:  അശ്ലീല വീഡിയോ കോള്‍ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത അഞ്ചംഗ സംഘം അറസ്റ്റില്‍. യോഗേഷ്, സപ്‌ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധിപേരില്‍നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗുജറാത്തിലെ രാജ്‌കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്‌കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്‌കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. 

അശ്ലീല വെബ്‌സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്‌സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകോള്‍ വഴിയും പണം സമ്പാദിച്ചിരുന്നു. ഇത്തരത്തില്‍ വീഡിയോകോള്‍ ചെയ്തവരുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തും മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്. 

പ്രതികള്‍ ഉപയോഗിച്ചിരുന്ന എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാല് അക്കൗണ്ടുകളിലൂടെ മാത്രം 38 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

സിംകാര്‍ഡുകള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താല്‍ പിന്നീട് ആ സിംകാര്‍ഡ് നശിപ്പിക്കുകയായിരുന്നു പതിവ്. പ്രതികളില്‍നിന്ന് സെക്‌സ് ടോയ്‌സും ആഭരണങ്ങളും നാല് മൊബൈല്‍ ഫോണുകളും മൂന്ന് ചെക്ക് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പാസ്‌പോര്‍ട്ട്, മൂന്ന് ആധാര്‍ കാര്‍ഡ്. പാന്‍, എ.ടി.എം. കാര്‍ഡുകള്‍, ആറ് വെബ് ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: sextortion gang arrested by ghaziabad police