പൂണെ: ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പെട്ടികളിലാക്കി തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂണെ ബുദ്വാര്‍പേട്ട് സ്വദേശിയായ 40-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയനുസരിച്ച് മൂന്നിടങ്ങളില്‍നിന്നായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്നും ഇയാള്‍ യുവതിയുടെ കാമുകനാണെന്നും പോലീസ് പറഞ്ഞു. 

ഓഗസ്റ്റ് 12-ാം തീയതി മുതലാണ് ബുദ്വാര്‍പേട്ടിലെ ലൈംഗികത്തൊഴിലാളിയായ യുവതിയെ കാണാതായത്. യുവതിയെക്കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെ വേശ്യാലയ നടത്തിപ്പുകാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. 

വിവാഹിതനായ പ്രതിയും യുവതിയും തമ്മില്‍ കഴിഞ്ഞമൂന്നുമാസമായി പ്രണയത്തിലായിരുന്നു. ബന്ധം ദൃഢമായതോടെ 40-കാരന്‍ കാമുകിക്ക് വേണ്ടി നാരായണ്‍പേട്ടില്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 12-ാം തീയതി ഇരുവരും തമ്മില്‍ ഫ്‌ളാറ്റില്‍വെച്ച് വഴക്കുണ്ടായി. ഇതിനിടെ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയും ചെയ്തു. 

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം സോളാപുരിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പ്രതി പോയത്. ഇവിടെനിന്ന് ഒരു ടെംപോ വാന്‍ സംഘടിപ്പിച്ച് ഓഗസ്റ്റ് 14-ന് നാരായണ്‍പേട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍വെച്ച് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്ന് പെട്ടികളിലാക്കുകയായിരുന്നു. ഈ പെട്ടികള്‍ പിന്നീട് മൂന്നിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. 

കൊല്ലപ്പെട്ട യുവതി ഒരുവര്‍ഷം മുമ്പാണ് മുംബൈയില്‍നിന്ന് ബുദ്വാര്‍പേട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് പ്രതിയും യുവതിയും പരിചയത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചസ്ഥലങ്ങള്‍ കാണിച്ചുനല്‍കിയതായും പോലീസ് പറഞ്ഞു. ഡി.സി.പി(ക്രൈം) ശ്രീനിവാസ് ഗാഡ്‌ഗെ, എ.സി.പി. സുരേന്ദ്ര ദേശ്മുഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി തെളിവെടുപ്പ് നടത്തിയത്. 

Content Highlights: sex worker brutally killed and body parts stuffed in suitcases in pune