തിരുവനന്തപുരം: കരമന തളിയലിലെ അപ്പാര്‍ട്ട്മെന്റിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. നവീന്‍ സുരേഷ്, സുജിത്ത് (ചിക്കു), ഷീബ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഏപ്രില്‍ നാലിന് രാവിലെയാണ് വലിയശാല സ്വദേശി വൈശാഖിനെ (34) കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യക്കാരെ എത്തിച്ചു നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. വെബ് സൈറ്റുകളില്‍ പരസ്യം നല്‍കിയായിരുന്നു ഇത്. കരമന അപ്പാര്‍ട്ട്മെന്റില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തികലാഭം കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ വിവരം പോലീസിനെ ധരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഈ സമയം അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന സുജിതും ഷീബയും ചേര്‍ന്ന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചുവരുത്തി. കത്തിയുമായെത്തിയ നവീന്‍ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി.

ഇതിനിടെ വൈശാഖിന് രണ്ടുതവണ കുത്തേല്‍ക്കുകയായിരുന്നു. മുറിവുകളില്‍ നിന്ന് രക്തംവാര്‍ന്നാണ് വൈശാഖ് മരണപ്പെട്ടതെന്ന് കരമന പോലീസ് പറഞ്ഞു.

Content Highlights: sex racket and clash behind the murder in karamana