ജയ്പുര്‍: രാജസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗോര്‍ ജില്ലയിലാണ് അതിദാരുണമായ സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ദിനേശ്(20) എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച വൈകിട്ടാണ് ദിനേശ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 

അയല്‍ക്കാരനായ ദിനേശ് കഴിഞ്ഞദിവസം വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. തിരികെപോകുന്നതിന് മുമ്പ് വഴിയില്‍ തെരുവുനായ്ക്കളുണ്ടെന്നും തനിക്ക് പേടിയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഏഴ് വയസ്സുകാരിയെയാണ് ഇയാളുടെ കൂടെ അയച്ചത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. പോലീസിലും വിവരമറിയിച്ചു. 

തിരച്ചില്‍ നടക്കുന്നതിനിടെ രാത്രി വൈകി വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ചിപ്‌സിന്റെ പാക്കറ്റും ബിസ്‌ക്കറ്റുകളും ഉണ്ടായിരുന്നു. ഇതോടെ ദിനേശിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് നാല് കിലോമീറ്റര്‍ അകലെനിന്ന് മദ്യപിച്ചനിലയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

പെണ്‍കുട്ടിയുടെ കൂടെ വീട്ടിലേക്ക് പോയ പ്രതി, ബിസ്‌ക്കറ്റും ചിപ്‌സും നല്‍കി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും നാഗോര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതിക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 

Content Highlights: seven year old girl raped and killed by neighbor in rajasthan