ഏറ്റുമാനൂര്‍: മൊബൈല്‍ ഫോണില്‍ കളിക്കാതെ ട്യൂഷനുപോകാന്‍ അച്ഛന്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഏഴുവയസ്സുകാരന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി.ഒരുമണിക്കൂറിനുശേഷം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തുനിന്ന് കുട്ടിയെ കണ്ടെത്തി. നീണ്ടൂര്‍ കൈപ്പുഴയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ തിരച്ചിലിനായി നാട്ടുകാര്‍ രംഗത്തിറങ്ങി. ഇതിനിടയില്‍, കുഞ്ഞിനെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി. സാമൂഹികമാധ്യമങ്ങളിലും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ പ്രവഹിച്ചു.

ഇതോെട രക്ഷിതാക്കളും ഭീതിയിലായി. നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായില്ല. ഒടുവില്‍ വിവരം പോലീസിലറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നര കിലോമീറ്റര്‍ അകലെ ആട്ടുക്കാരന്‍ കവലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മിഠായിയും നല്‍കിയാണ് കുഞ്ഞിനെ പോലീസ് രക്ഷിതാക്കളെ ഏല്പിച്ചത്.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍.രാജേഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ. സോണി ജോസഫ്, സി.പി.ഒ.മാരായ എ.അനീഷ്, പി.സി.സജി, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.