ചെന്നൈ: പ്രേതബാധയെന്നുകരുതി അപസ്മാരം ബാധിച്ച ബാലനെ മർദിച്ചു. മർദനമേറ്റ കുട്ടി മരിച്ചു. തിരുവണ്ണാമല ജില്ലയിലെ ആരണിക്കടുത്ത് കണ്ണമംഗലത്ത് കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വെല്ലൂർ കെ.വി. കുപ്പം സ്വദേശിയായ ശബരി എന്ന ഏഴു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ശബരിയുടെ അമ്മ തിലകവതി, ഇവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. മൂവർക്കും മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

തിലകവതിയുടെ ഭർത്താവ് നേരത്തേ മരിച്ചതാണ്. കെ.വി. കുപ്പത്തെ സ്വന്തംവീട്ടിൽ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. നാലു ദിവസം മുമ്പ് അമ്മ മരിച്ചു. പിന്നീട് ശബരിക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടായപ്പോൾ അത് പ്രേതബാധയാണെന്ന് തെറ്റിദ്ധരിച്ച ഇവർ, ബാധയൊഴിപ്പിക്കാൻ തിരുവണ്ണാമലയിലെ വന്തവാസിയിലുള്ള മന്ത്രവാദിയുടെയടുത്തേക്ക് പോവാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച അങ്ങോട്ടുള്ള യാത്രയ്ക്കിടെ കണ്ണമംഗലം ബസ് സ്റ്റോപ്പിൽ രാത്രി പന്ത്രണ്ടോടെ ഇറങ്ങി. ഈസമയം ശബരിക്ക് അപസ്മാരമുണ്ടായതായി പറയപ്പെടുന്നു.

ഇത് പ്രേതബാധയാണെന്നുകരുതി തിലകവതിയും സഹോദരിമാരും ചേർന്ന് ബാലനെ ഉപദ്രവിച്ചു. ബാധയൊഴിപ്പിക്കാൻ അമ്മ ബാലന്റെ നാവിൽ പിടിച്ചുവലിച്ചപ്പോൾ മാതൃസഹോദരിമാർ ചേർന്ന് നെഞ്ചിൽ ശക്തിയിൽ അടിക്കുകയും കഴുത്തിൽ ചവിട്ടിപ്പിടിക്കുകയുംചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി ഇവരെ തടുക്കാൻ ശ്രമിച്ചെങ്കിലും മൂവരും വഴങ്ങിയില്ല. പ്രേതബാധയാണെന്നും അത് ഒഴിപ്പിക്കുകയാണെന്നുമാണ് സ്ത്രീകൾ പറഞ്ഞത്. കണ്ണമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബാലൻ മരിച്ചിരുന്നു.

പോലീസെത്തുമ്പോൾ, പ്രേതം ബാധിച്ചെന്നുപറഞ്ഞ് ഭാഗ്യലക്ഷ്മിയും കവിതയും ചേർന്ന് തിലകവതിയെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. പോലീസിടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. മൂവരെയും സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യംചെയ്തശേഷമാണ് അറസ്റ്റുചെയ്തത്. ശബരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.