ചെന്നൈ: തമിഴ്നാട്ടിലെ ഏർവാഡിയിൽ ചികിത്സയ്ക്കെത്തിയ മാനസികവെല്ലുവിളി നേരിടുന്ന മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച ഏഴുപേർ പിടിയിൽ. ഇവരിൽ പ്രായപൂർത്തിയാവാത്ത നാലുപേരെ ദുർഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു. കൊല്ലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഏർവാഡിയിലെ കാട്ടുപ്പുള്ളി ദർഗയിൽ പിതാവിനോടൊപ്പമാണ് പെൺകുട്ടി എത്തിയത്.
ബുധനാഴ്ച രാത്രി ഒരു മണിയോടെ പെൺകുട്ടി പുറത്തു വന്ന് മുഖം കഴുകുന്നതിനിടെ ഏഴുപേർ ചേർന്ന് കുട്ടിയുടെ വായ പൊത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരൻ ഉടൻ ശബ്ദമുണ്ടാക്കി മറ്റുള്ളവരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു.
പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കീലക്കരൈ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം. മുരുഗേശൻ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരാണ് പിടിയിലായവരെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഭീതിയിലാണ്ട പെൺകുട്ടിക്ക് ഡോക്ടർമാരോടോ പോലീസുദ്യോഗസ്ഥരോടോ വിവരങ്ങളൊന്നും കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ല. പിടിയിലായവരുടെ പേരിൽ തട്ടിക്കൊണ്ടുപോയി ശാരീരിക പീഡനം നടത്തിയതിനും ബാലാത്സംഗത്തിന് ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
Content Highlights: seven were arrested for raping mentally disabled girl in Ervadi