ബെംഗളൂരു: രണ്ട് ദിവസത്തിനിടെ നഗരത്തില്‍നിന്ന് കാണാതായത് ഒരു കോളേജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ. ബെംഗളൂരു ഹെസാറഘട്ട റോഡ്, എ.ജി.ബി. ലേഔട്ട് എന്നിവിടങ്ങളില്‍നിന്നാണ് വിദ്യാര്‍ഥികളെ കാണാതായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഹെസാറഘട്ട റോഡിലെ സൗന്ദര്യ ലേഔട്ട് നിവാസികളും പത്താം ക്ലാസ് വിദ്യാര്‍ഥികളുമായ പരിക്ഷിത്, നന്ദന്‍, കിരണ്‍ എന്നിവരെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. അന്നേദിവസം വൈകിട്ട് വരെ മാതാപിതാക്കള്‍ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികളുടെയും വീട്ടില്‍നിന്ന് കത്തുകള്‍ കണ്ടെടുത്തു. പഠിക്കാന്‍ താത്പര്യമില്ലെന്നും നല്ലപേരും പണവും സമ്പാദിച്ചശേഷം തിരിച്ചെത്തുമെന്നുമാണ് മൂവരും കത്തുകളില്‍ എഴുതിയിരുന്നത്. പഠനത്തെക്കാള്‍ തങ്ങള്‍ക്ക് താത്പര്യം കായികമേഖലയിലാണ്. കബഡിയാണ് ഏറെ ഇഷ്ടം. കബഡിയില്‍ നല്ലൊരു പേരുണ്ടാക്കുമെന്നും അതിനുശേഷമേ തിരികെവരികയുള്ളൂവെന്നും കത്തില്‍ എഴുതിയിരുന്നു. തങ്ങളെ തിരയേണ്ടതില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. 

സംഭവത്തില്‍ അയല്‍ക്കാരുടെയും പ്രദേശവാസികളുടെയും മൊഴികള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചിരുന്നു. 

ഞായറാഴ്ചയാണ് എ.ജി.ബി. റോഡിലെ ക്രിസ്റ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നാല് പേരെ കാണാതായത്. ബി.സി.എ. വിദ്യാര്‍ഥിനിയായ അമൃതവര്‍ഷിണി (21) 12 വയസ്സുകാരായ റോയന്‍ സിദ്ധാര്‍ഥ്, ചിന്തന്‍, ഭൂമി എന്നിവരെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്. രാവിലെ അവരുവരുടെ ഫ്‌ളാറ്റുകളില്‍നിന്ന് പുറത്തേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തുടര്‍ന്ന് സോളദേവനഹള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

കാണാതായ മൂന്ന് കൂട്ടികളും അമൃതവര്‍ഷിണിക്കൊപ്പമാണ് അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍സമയം ചെലവഴിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അമൃതവര്‍ഷിണി കുട്ടികളുമായി എങ്ങോട്ടോ പോയിരിക്കാമെന്നാണ് ഇവരുടെ സംശയം. ഇതിനിടെ കുട്ടികളിലൊരാളുടെ ഫ്‌ളാറ്റില്‍നിന്ന് ഒരു കുറിപ്പും കണ്ടെടുത്തു. ചെരിപ്പുകളും ടൂത്ത് ബ്രഷും വെള്ളക്കുപ്പിയും പണവും എടുക്കണമെന്നാണ് ഈ കുറിപ്പില്‍ എഴുതിയിരുന്നത്. ഇതുസംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. 

Content Highlights: seven students including college girl went missing from bengaluru city