കൊച്ചി: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘം പിടിയില്‍. തൃക്കാക്കാര മില്ലുപടിയില്‍ വടകക്കെടുത്ത ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വിവധ ജില്ലകളിലെ ഐടി പ്രൊഫഷനലുകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘമാണ് തൃക്കാക്കര പൊലീസിന്റേയും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. 

സംസ്ഥാനത്തിന്റെ പുറത്തുനിന്നും മയക്കുമരുന്ന് എത്തിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ ആമിനാ മന്‍സിലില്‍ ജിഹാദ് ബഷീര്‍(30) കൊല്ലം ഇടവെട്ടം സ്വദേശിനിയായ അനിലാ രവീന്ദ്രന്‍(29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി ഏര്‍ലിന്‍ ബേബി(25) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ മയക്കു മരുന്നു ഉപയോഗിക്കുന്നതിനായി എത്തിയ നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമല്‍(23), മനക്കപടി സ്വദേശി അര്‍ജിത്ത് ഏയ്ഞ്ചല്‍(24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24),നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ്(24), എന്നിവരും പിടിയിലായി. 

2.5 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും, ഹാഷ് ഓയില്‍, ഹാഷിഷ് എന്നിവ പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

മയക്കുമരുന്ന് മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്സ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്കു വീഡിയോ, ഓഡിയോ ആയോ നാര്‍കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പറിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

Content Highlights: Seven arrested in Kochi for carrying 2.5 gm of drug