നോയിഡ: നിരവധി പീഡനക്കേസുകളില്‍ പ്രതിയായ ആളെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഹാമിര്‍പുര്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചികിത്സ കഴിയുന്നതോടെ മറ്റുനടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. 

ഗ്രേറ്റര്‍ നോയിഡയിലെ സുരാജ്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ട ഇയാള്‍ പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വെടിവെപ്പ് നടത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. 

നിരവധി പീഡനക്കേസുകളില്‍ പ്രതിയാണ് ഇയാളെന്നും ഫെബ്രുവരിയില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം നാല് പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടതായും ഡെപ്യൂട്ടി കമ്മീഷണര്‍ വൃന്ദ ശുക്ല പറഞ്ഞു. പീഡനക്കേസുകള്‍ക്ക് പുറമേ നിരവധി കവര്‍ച്ചാക്കേസുകളും ഇയാളുടെ പേരിലുണ്ട്. 

ഫെബ്രുവരി 25-ന് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. അടുത്തിടെ നടന്ന നാല് പീഡനങ്ങളും ഒരുപോലെയാണെന്ന് കണ്ടെത്തിയതോടെ ഒരാള്‍ തന്നെയാണ് ഈ സംഭവങ്ങളിലെ പ്രതിയെന്ന് പോലീസിന് മനസിലായി. ഇതിനിടെ, നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹാമിര്‍പുര്‍ സ്വദേശിയെക്കുറിച്ചും അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇയാള്‍ തന്നെയാണ് നാല് കേസുകളിലും പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഹാമിര്‍പുരിലെ വീട്ടിലടക്കം റെയ്ഡ് നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ, പ്രതിയെ പിന്തുടര്‍ന്ന പോലീസ് സംഘം ഗ്രേറ്റര്‍ നോയിഡയില്‍വെച്ച് ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയും വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നു. 

ആളൊഴിഞ്ഞ റോഡുകളിലും മറ്റിടങ്ങളിലും വെച്ചാണ് ഇയാള്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന് സ്ത്രീകളെ ആക്രമിക്കുന്നതായിരുന്നു രീതി. 2019-ല്‍ പീഡനക്കേസില്‍ പിടിയിലായെങ്കിലും കഴിഞ്ഞമാസം ജാമ്യത്തിലിറങ്ങി. ഇതിനുശേഷം നാല് പേരെയാണ് പ്രതി പീഡിപ്പിച്ചത്. 

Content Highlights: serial rapist arrested in uttar pradesh