രാമനാട്ടുകര(കോഴിക്കോട്): പട്ടാപ്പകൽ കലാകാരനെ ആക്രമിച്ചുവീഴ്ത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിലായി. കടലുണ്ടി എടച്ചിറ മുടവമ്പാട്ട് നിജിത്ത് (ജിത്തു-28), ഫറോക്ക് അണ്ടിക്കാട്ട്കുഴി വീട്ടിൽ നുബിൻ അശോക് (കണ്ണൻ-26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ ചൊവ്വാഴ്ച പുലർച്ചെ വീട്ടിലെത്തി തന്ത്രത്തിൽ പിടികൂടുകയായിരുന്നു. പ്രതിചേർക്കപ്പെട്ടവർ സ്ഥിരം കുറ്റവാളികളാണെന്നും ഒരാൾ അഞ്ചും മറ്റൊരാൾ പതിനഞ്ചും കേസുകളിൽ പ്രതിയാണെന്നും ഫറോക്ക് ഇൻസ്പെക്ടർ കെ. കൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞമാസം 28-നായിരുന്നു കേസിനാസ്പദമായ സംഭവം. നാടകപ്രവർത്തകനും സീരിയൽ ടെലിഫിലിം സംവിധായകനുമായ വെള്ളാശ്ശേരി കളത്തിങ്ങൽ രഞ്ജിത്ത് രാമനാട്ടുകരയാണ് ആക്രമണത്തിന് ഇരയായത്.

ഉച്ചയ്ക്ക് ഒന്നരയോടെ രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിനു സമീപത്ത് പ്രവർത്തിക്കുന്ന സുഹൃത്തിന്റെ കടയിലേക്ക് വരുകയായിരുന്നു രഞ്ജിത്ത്. ഇതിനിടെ മറ്റൊരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് അക്രമമുണ്ടായത്. പിന്നിലൂടെയെത്തിയ ഒരു സംഘം അടിക്കുകയായിരുന്നു. പെട്ടെന്നു തിരിഞ്ഞ് നോക്കിയപ്പോൾ മുഖത്തുമടിച്ചു.

പിന്നീട് കീശയിലുണ്ടായിരുന്ന 2650 രൂപയും സ്മാർട്ട് ഫോണും അപഹരിച്ച് ചവിട്ടി തള്ളിയിട്ടു. അക്രമികളിലൊരാൾ തലയിലിടാൻ കരിങ്കല്ലുമായി എത്തിയെങ്കിലും രഞ്ജിത്ത് കുതറിയെഴുന്നേറ്റ് ചെത്തുപാലം തോട്ടിലേക്കുള്ള വഴിയിലൂടെ ആർത്തുവിളിച്ചു ഓടി. റോഡെത്തിയതോടെ അക്രമികൾ പിന്തിരിഞ്ഞു.

ഷൂട്ടിങ് ആവശ്യത്തിനായി വിദേശത്ത് പോവാനുള്ളത് തടസ്സപ്പെടുമെന്നതിനാൽ രഞ്ജിത്ത് പരാതിയുമായി മുന്നോട്ടു പോവുന്നില്ലെന്നാണ് ആദ്യഘട്ടത്തിൽ നിലപാടെടുത്തിരുന്നത്. പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നറിഞ്ഞതോടെ പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

Content Highlights:serial director attacked in ramanattukara accused arrested