ചെന്നൈ: തമിഴ് സീരിയല്‍ നടി നിലാനിയുടെ മുന്‍ കാമുകന്‍ ആത്മഹത്യ ചെയ്തു. തിരുവണ്ണാമലൈ സ്വദേശി ഗാന്ധിലക്ഷ്മി കുമാറാണ് തീകൊളുത്തി ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. 

തമിഴ് ടി.വി സീരിയലുകളിലെ പ്രമുഖനടിയായ നിലാനി മുന്‍ കാമുകനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വന്ന് ശല്യപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. ഇതിനുപിന്നാലെയാണ് ഗാന്ധിലക്ഷ്മി കുമാര്‍ തിങ്കളാഴ്ച രാവിലെ കെ.കെ നഗറിലെ വീട്ടില്‍വെച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെ.കെ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സീരിയല്‍ താരമായ നിലാനിയും കുമാറും തമ്മില്‍ മൂന്നു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. നിലാനിയെ ലൊക്കേഷനില്‍ കൊണ്ടുവിടുകയും തിരികെ വീട്ടിലെത്തിക്കുന്നതും കുമാറായിരുന്നു. എന്നാല്‍ അടുത്തിടെയായി തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, വിവാഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞ നടി കുമാറുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതോടെയാണ് ഇയാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയതെന്നായിരുന്നു പരാതി. 

നിലാനി നല്‍കിയ പരാതിയില്‍ മൈലാപ്പൂര്‍ പോലീസ് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.  തുടര്‍ന്ന് സ്‌റ്റേഷനില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പിന്നീട് ഒത്തുതീര്‍പ്പിലെത്തി. ഇതിനുപിന്നാലെ കുമാറിനെതിരായ പരാതി നടി പിന്‍വലിക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കെ.കെ നഗറിലെ വീട്ടില്‍വെച്ച് കുമാര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. അതേസമയം, സംഭവത്തില്‍ സീരിയല്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.  

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് സമരക്കാര്‍ക്കെതിരെ നടന്ന വെടിവെയ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് നിലാനിയെ മാസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയല്‍ ലൊക്കേഷനില്‍നിന്ന് പോലീസ് യൂണിഫോമില്‍ വെടിവെയ്പിനെ വിമര്‍ശിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന നടപടിയെന്ന് ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിരുന്നത്. 

Content Highlights: serial actress ex boyfriend commits suicide in tamil nadu .