റായ്പുർ: മുതിർന്ന മാവോവാദി നേതാവിനെ മാവോവാദികളായ അനുയായികൾ തന്നെ വെടിവെച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢ് ബസ്താർ മേഖലയിലെ ബിജാപുർ ജില്ലയിൽ താമസിക്കുന്ന മാവോവാദി നേതാവ് മോഡിയാം വിജ്ജയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് ബസ്താർ റെയ്ഞ്ച് ഐ.ജി. സുൻഡേരാജ് പ്രസ്താവനയിൽ അറിയിച്ചു.

മാവോവാദികളുടെ ഗംഗാലൂർ ഏരിയ കമ്മിറ്റി ഇൻ-ചാർജും ഡിവിഷണൽ കമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട മോഡിയാം വിജ്ജ. ഗംഗാലൂർ മേഖലയിൽ നിരവധിപേരെ കൊലപ്പെടുത്തിയ സംഭവങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ബിജാപുരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പോലീസുകാരടക്കം 12 പേരാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് മാവോവാദി നേതാവ് വിജ്ജയെ സ്വന്തം അനുയായികൾ തന്നെ കൊലപ്പെടുത്തിയത്.

അടുത്തിടെ ഒട്ടേറെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളിൽ മാവോവാദികൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്നാണ് പോലീസ് നൽകുന്ന വിവരം. നിരപരാധികളായ ആദിവാസികളെ ആക്രമിക്കുന്നതിൽ താഴേക്കിടയിലുള്ള മാവോവാദികളും മുതിർന്ന മാവോവാദി നേതാക്കളും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇതിനെച്ചൊല്ലി ലോക്കൽ കേഡറിൽ ഉൾപ്പെട്ട ദിനേശ് മോഡിയാം എന്ന മാവോവാദിയും വിജ്ജയും തമ്മിൽ തർക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിജ്ജയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം മാവോവാദികൾ തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും വെള്ളിയാഴ്ച വൈകിട്ടോടെ ശവസംസ്കാരം നടത്തിയെന്നും പോലീസ് അറിയിച്ചു.

Content Highlights:senior maoist leader killed by sub ordinates in chattisgarh