മുംബൈ: മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ജാതി അധിക്ഷേപത്തെത്തുടര്‍ന്ന് മെഡിക്കല്‍ ബിരുദാനന്തരവിദ്യാര്‍ഥിനി ഡോ. പായല്‍ തഡ്വി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീനിയര്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗ്രിപാഡ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. 

ഈ സംഭവത്തില്‍ അറസ്റ്റിലാ  ഡോക്ടര്‍മാരുള്‍പ്പെടെ നാലു പേരുടെ ലൈസന്‍സ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി.) മരവിപ്പിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് പുറമെ ഡോ. ചിയാങ് ലിങ്ങിനുമെതിരേയാണ് നടപടി.  ഡോ.ഭക്തി മെഹറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തില്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷന്‍ ആശുപത്രിയധികൃതര്‍ക്ക് നോട്ടീസയച്ചിരുന്നു. അങ്കിത ഖണ്ഡല്‍വാള്‍, ഹേമ അഹൂജ, ഭക്തി മെഹര്‍ എന്നിവരെ മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ അംഗത്വത്തില്‍നിന്ന് താത്കാലികമായി പുറത്താക്കിയിട്ടുണ്ട്.

അതേസമയം, രണ്ടാംദിവസമായ ചൊവ്വാഴ്ചയും നായര്‍ ആശുപത്രിയുടെ മുമ്പില്‍ പ്രതിഷേധം തുടര്‍ന്നു. മൂന്ന് വനിതാ ഡോക്ടര്‍മാര്‍ചേര്‍ന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പായലിന്റെ പിതാവ് സല്‍മാന്‍ ആരോപിച്ചു. മകളുടെ മരണത്തിനുത്തരവാദികളായ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് പായലിന്റെ മാതാപിതാക്കള്‍ ആശുപത്രിക്കുമുമ്പില്‍ സമരത്തിലാണ്. വഞ്ചിത് ബഹുജന്‍ അഘാഡിയും വിവിധ ദളിത് സംഘടനകളും പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. തിങ്കളാഴ്ച ആശുപത്രിക്കുമുമ്പില്‍ വിവിധ ദളിത്, ഇടതുപക്ഷ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പായലിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തഡ്വി ജീവനൊടുക്കിയത്. ഗോത്രവര്‍ഗക്കാരിയെന്നുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് പായല്‍ പരാതിപ്പെട്ടിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Content Highlight: Senior doctor arrested for  Mumbai Doctors suicide case