ലഖ്‌നൗ:  യുവതിയുമായി പ്രണയത്തിലെന്ന പ്രചരണത്തില്‍ മനംനൊന്ത് ആള്‍ദൈവം സ്വയം ജനനേന്ദ്രിയം ഛേദിച്ചു. ഉത്തര്‍പ്രദേശ് ബാമ്‌ന ഗ്രാമത്തിലെ മദനി ബാബ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് ജനനേന്ദ്രിയം മുറിച്ചത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബാമ്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദനി ബാബയെന്ന ആള്‍ദൈവത്തിനെതിരേ ഒരുവിഭാഗം വ്യാപകമായി പ്രചരണം നടത്തിയിരുന്നു. 28-കാരനായ ആള്‍ദൈവവും അയല്‍വാസിയായ യുവതിയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ഇവരുടെ പ്രചരണം. മദനി ബാബ പ്രദേശത്ത് ആശ്രമം സ്ഥാപിക്കുന്നതിനെയും ഇവര്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ബാബ സ്വയം ജനനേന്ദ്രിയം മുറിച്ചത്. തനിക്കെതിരേ പ്രചരണം നടത്തിയതിലൂടെ തന്റെ പ്രശസ്തിയും സല്‍പേരും നഷ്ടപ്പെട്ടെന്നാണ് ബാബയുടെ ആരോപണം. 

അതേസമയം, ആള്‍ദൈവം സ്വയം ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ബാബ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും, സംഭവത്തിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. 

Content Highlights: self styled godman in uttarpradesh chopped his private parts