ബെംഗളൂരു: ബാധ ഒഴിപ്പിക്കാനെന്നപേരിൽ മൂന്നു വയസ്സുകാരിയെ സ്വയംപ്രഖ്യാപിത ആൾദൈവം അടിച്ചുകൊന്നു. കർണാടകത്തിലെ ചിത്രദുർഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. ചായക്കട നടത്തുന്ന പവീൻ-ബേബി ദമ്പതിമാരുടെ മകൾ പൂർവിക ആണ് മരിച്ചത്. സംഭവത്തിൽ ആൾദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

പൂർവിക ഒരാഴ്ചയായി രാത്രി കരയാറുണ്ടായിരുന്നു. ബാധ കൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാർ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. മാതാപിതാക്കളുടെ ആവശ്യമനുസരിച്ച് പുരുഷോത്തം കുട്ടിയെ ആൾദൈവം രാകേഷിന്റെ അടുക്കലെത്തിച്ചു. യെല്ലമ്മാ ദേവതയുടെ ആത്മാവ് കൂടിയിട്ടുണ്ടെന്ന് സ്വയംവിശ്വസിച്ചിരുന്ന രാകേഷ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കുടിലിലാണ് താമസം. ദുർമന്ത്രവാദവും നടത്തിയിരുന്നു.

കുട്ടിയുടെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടെന്നും ഒഴിപ്പിച്ചു തരാമെന്നും രാകേഷ് പറഞ്ഞു. തുടർന്ന് കുട്ടിയെ കുടിലിനകത്തേക്കു കൊണ്ടുപോയി വടികൊണ്ട് ഒരു മണിക്കൂറോളം അടിച്ചു. കുട്ടി നിലവിളിച്ചപ്പോഴും മാതാപിതാക്കൾ പുറത്തു നിൽക്കുകയായിരുന്നു. അടി കൊണ്ട് കുട്ടിക്ക് അനക്കമില്ലെന്നു കണ്ടപ്പോൾ രാകേഷും പുരുഷോത്തമും കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. വീട്ടിലേക്കു കൊണ്ടുപോവാമെന്നും ഉടൻ ബോധം വീണ്ടുകിട്ടുമെന്നും അറിയിച്ചു.

എന്നാൽ, വീട്ടിലെത്തി മണിക്കൂറുകളായിട്ടും കുട്ടി അനങ്ങാത്തതു കണ്ട് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഈ സമയം രാകേഷും പുരുഷോത്തമും ഒളിവിൽ പോയിരുന്നു. മാതാപിതാക്കൾ ചിക്കജ്ജുർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളുടെ പേരിൽ കൊലപാതകത്തിനും ദുർമന്ത്രവാദത്തിനും കേസെടുത്തു.

Content Highlights:self styled godman and associate killed three year old girl in karnataka