ബെംഗളൂരു: കെംപഗൗഡ(ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്നു പിടിച്ചെടുത്ത രണ്ടര കിലോ സ്വർണം കാണാതായ സംഭവത്തിൽ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ സി.ബി.ഐ. കേസെടുത്തു. ഇതിൽ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരും ഉൾപ്പെടും. പിടികൂടുന്ന സ്വർണം വിമാനത്താവളത്തിലെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്.

2012 ജനുവരി എട്ടുമുതൽ 2014 മാർച്ച് 26 വരെയുള്ള കാലയളവിൽ ഗോഡൗണിൽ സൂക്ഷിച്ച സ്വർണത്തിൽ 2594 ഗ്രാം കുറവ് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് ജോയന്റ് കമ്മിഷണറാണ് പരാതി നൽകിയത്. രണ്ടുവർഷത്തിനുള്ളിൽ 13 യാത്രക്കാരിൽനിന്ന് പിടിച്ചെടുത്ത സ്വർണമാണ് കാണാതായത്. കസ്റ്റംസ് ഉദ്യോഗസ്ഥരായ വിനോദ് ചിന്നപ്പ, കേശവ്, കെ.ബി. ലിംഗരാജു, രവിശേഖർ, ഡീൻ റെക്സ്, ഹിരേമത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്.

സ്വർണം കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ 23-നാണ് സി.ബി.ഐ.ക്ക് പരാതി നൽകിയത്. ഗോഡൗണിൽ സ്വർണം സൂക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്.

ഗോഡൗണിൽ സ്വർണം സൂക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന് അന്വേഷത്തിൽ കണ്ടെത്തി. ഡബിൾ ലോക്ക് സുരക്ഷയുള്ള ഗോഡൗണിലാണ് പടിച്ചെടുത്ത സ്വർണം സൂക്ഷിക്കുന്നത്. ഇതിന്റെ ഒരു താക്കോൽ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കൈവശവും മറ്റൊന്ന് മേലാപ്പീസറുടെ കൈവശവുമായിരിക്കും. ഈ വ്യവസ്ഥ പാലിച്ചില്ലെന്നു കണ്ടെത്തി.

Content Highlights:seized gold went missing cbi booked case against customs officers