വൈക്കം: മുറിഞ്ഞുപുഴ പാലത്തില്‍നിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് രണ്ടുയുവതികള്‍ ചാടിയെന്ന സംശയത്തില്‍ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല.
കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും ബോട്ട് ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകീട്ടോടെ അവസാനിപ്പിച്ചു. ശനിയാഴ്ച രാത്രി 7.45-ന് നടന്നെത്തിയ രണ്ടുയുവതികള്‍ ആറ്റിലേക്ക് ചാടിയെന്നാണ് സംശയം.
ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും തുടര്‍ന്ന് നിലവിളിയും കേട്ടതായി പാലത്തിനുസമീപം താമസിക്കുന്ന കാവില്‍ പുത്തന്‍പുരയില്‍ ശാരങ്ഗധരന്റെ മകള്‍ സീതാലക്ഷ്മി പോലീസിനോട് പറഞ്ഞു. ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ സാധിച്ചില്ല.
പാലത്തില്‍നിന്ന് സ്ഥിരമായി ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. ആരോ മാലിന്യം വലിച്ചെറിഞ്ഞതാണെന്നാണ് കരുതിയത്. തൊട്ടുപിന്നാലെ നിലവിളിയും കേട്ടതോടെയാണ് ആരോ ആറ്റില്‍ വീണതെന്ന സംശയം ഉണ്ടായതെന്ന് സീതാലക്ഷ്മി പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വൈക്കം പോലീസ് പാലത്തില്‍നിന്ന് ചെരിപ്പും തൂവാലയും കണ്ടെടുത്തു. 13-ന് ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് 21 വയസ്സുള്ള രണ്ടുയുവതികളെ കാണാതായിരുന്നു. പാലത്തില്‍നിന്ന് ലഭിച്ച ചെരിപ്പിന്റെ ചിത്രം ചടയമംഗലം പോലീസിന് അയച്ചുകൊടുത്തു.
ഇത് കാണാതായ യുവതികളുടെ ഒരാളുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഈ യുവതികളാണ് ആറ്റില്‍ ചാടിയെന്ന സംശയത്തിലാണ് പോലീസ്.
ഇവരുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. വൈക്കം എസ്.എച്ച്.ഒ. എസ്.പ്രദീപ്, അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്.
Content Highlights: searching in muvattupuzha river vaikkom