ഏറ്റുമാനൂര്‍: കുറുവാസംഘം മോഷണത്തിനെത്തിയെന്ന വിവരത്തെ തുടര്‍ന്ന് നാടെങ്ങും ജാഗ്രതയില്‍. ഉറക്കമിളച്ച് തിരച്ചിലിനിറങ്ങുകയാണ് നാട്ടുകാര്‍. ഇതിനിടയില്‍ കുറുവാസംഘമല്ല നാട്ടിലെ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതിരമ്പുഴ ഭാഗത്ത് മുണ്ടുടുത്ത മൂന്നാമത്തെ മോഷ്ടാവ് ധരിച്ചിരിക്കുന്നത് തമിഴ്‌നാട് ശൈലിയിലുള്ള മുണ്ടാെണന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. മറ്റു രണ്ടുപേര്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്.കൈയില്‍ ആയുധവുമുണ്ട്. 

കഴിഞ്ഞ ദിവസം മാന്നാനത്ത് പഴയം പള്ളി സാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന നാലംഗ സംഘത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ആളുകളെത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. അമലഗിരി ഭാഗത്തേക്കാണ് ഇവര്‍ ഓടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തീവണ്ടിയില്‍ യാത്രചെയ്താണ് കുറുവാസംഘത്തിന്റെ മോഷണരീതിയെന്നതിനാല്‍ റെയില്‍വേ ട്രാക്കിനു സമീപമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുറുവാസംഘ ഭീഷണിയെ തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രതയിലാണ്. രാത്രികാല പട്രോളിങ് ശക്തമാക്കി.

അതിരമ്പുഴയില്‍ ജാഗ്രതാസമിതി

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപവത്കരിച്ചു. രാത്രികാല പെട്രോളിങ് ആണ് മുഖ്യ പ്രവര്‍ത്തനം. ഏതെങ്കിലും വീടുകളില്‍ ആവശ്യംവന്നാല്‍ അവിടെ വൊളന്റിയര്‍മാര്‍ ഓടി എത്തും. രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് കാവലാളായി സമിതി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ഭയാശങ്കകള്‍ നീക്കുക എന്നതാണ് സമിതി യുടെ മുഖ്യലക്ഷ്യം. 

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയില്‍, പഞ്ചായത്ത് മെമ്പര്‍ ബേബിനാസ് അജാസ്, എം.പി.മുരളീധരന്‍ നായര്‍, കെ. ദ്വാരകാനാഥ്, റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജി.ശിവദാസന്‍ നായര്‍, കെ.എസ്. നാരായണന്‍, മുഹമ്മദാലി ജിന്ന, വിമല്‍ ബാബു, നാസര്‍, ഷംസുദ്ദിന്‍ റാവുത്തര്‍, വി.എം.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.