പുത്തൂര്‍ (കൊല്ലം): കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്.ജെസിക്ക് സാമൂഹികമാധ്യമത്തിലൂടെ അധ്യാപകന്റെ ഭീഷണി. ഇതേ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനാണ് പരോക്ഷമായ വധഭീഷണിയുയര്‍ത്തുന്ന സന്ദേശം സ്‌കൂളിലെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചത്. ''ആരോടു പറയും... നാളെ റൂം തുറക്കുമോ... അതോ ഇന്നേപ്പോലെ അലയണോ. ഏതായാലും എന്തായാലും വരച്ചവരയില്‍ നില്‍ക്കില്ല''-ഇങ്ങനെ പോകുന്നു സന്ദേശം.

പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: പ്രിന്‍സിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും ഒന്നാണ്. എന്നാല്‍ ചില അധ്യാപകര്‍ ഇവിടിരിക്കാതെ തൊട്ടടുത്ത മുറിയില്‍ സജ്ജമാക്കിയിരിക്കുന്ന ലാബിലാണ് വിശ്രമിക്കുന്നത്. എല്ലാവരും സ്റ്റാഫ് റൂമില്‍ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചിലര്‍ അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ലാബ് പൂട്ടി. ഇതില്‍ പ്രകോപിതനായാണ് അധ്യാപകന്‍ ഇത്തരത്തില്‍ സന്ദേശം രാത്രി പത്തരയോടെ ഇട്ടത്. തനിക്ക് സംരക്ഷണം വേണമെന്നും പ്രിന്‍സിപ്പല്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.