ശാസ്താംകോട്ട(കൊല്ലം): അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശാസ്താംകോട്ട മനക്കര രാജഗിരിയില്‍ അനിതാഭവനില്‍ ആഷ്ലി സോളമന്‍ (45) ആണ് അറസ്റ്റിലായത്. അനിത സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകശേഷം ഒളിവില്‍ പോയ ഇയാള്‍ പത്തനംതിട്ട വഴി കോട്ടയത്തേക്കും തുടര്‍ന്ന് കാസര്‍കോട്ടേക്കും പോയി.
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. റൂറല്‍ എസ്.പി. അശോകന്റെ നേതൃത്വത്തില്‍ സൈബര്‍ വിഭാഗമാണ് നിരീക്ഷണം നടത്തിയത്. കൊല്ലം ജില്ലയിലേക്ക് പ്രതി മടങ്ങിയെത്തുന്നതായി വിവരം ലഭിച്ച അന്വേഷണസംഘം കാറില്‍ പോകുകയായിരുന്ന ഇയാളെ കടപുഴയ്ക്കു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര ഡിവൈ.എസ്.പി. അശോകന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട സി.ഐ. വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ രാജീവ്, നൗഫല്‍, എ.എസ്.ഐ. അജയകുമാര്‍, സി.പി.ഒ.മാരായ ശിവകുമാര്‍, അനില്‍കുമാര്‍, മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട അനിതയ്ക്ക് ചവറ സ്വദേശിയുമായുണ്ടായിരുന്ന അടുപ്പവും വഴിവിട്ട ബന്ധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു. അനിതയ്ക്കുവേണ്ടി കാമുകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. കാമുകനോടൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് അനിത സംഭവദിവസം പറഞ്ഞു. കൊലപാതകം നടന്ന ദിവസം കാമുകന്‍ അനിതയെ കാണുന്നതിനായി വീടിനു സമീപം എത്തി. ഇതിലുള്ള പ്രകോപനം നിമിത്തം പ്രതി അനിതയെ ചിരവകൊണ്ട് ആദ്യം തലയ്ക്കടിച്ചു. മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായും ശാസ്താംകോട്ട പോലീസ് പറഞ്ഞു.