കോഴിക്കോട്: സ്കൂൾവിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച കേസിലെ രണ്ട് അധ്യാപകർ കോടതിയിൽ കീഴടങ്ങി. കാരമൂല പനയങ്കണ്ടിവീട്ടിൽ ഷാജഹാൻ (44), പൂല്ലാളൂർ പാറന്നൂർ കാമ്പ്രവീട്ടിൽ ഷൈജൽ (32) എന്നീ അധ്യാപകരാണ് തിങ്കളാഴ്ച കീഴടങ്ങിയത്. ഇവരെ ഹൈക്കോടതി റിമാൻഡ് ചെയ്തു.

നേരത്തെ ഇവരുടെ മുൻകൂർജാമ്യം ഹൈക്കോടതി റദ്ദുചെയ്തിരുന്നു. 2019 ഒക്ടോബർ 30-ന് തലക്കുളത്തൂരിൽ നടന്ന ചേവായൂർ സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇവർക്കെതിരേ നേരത്തെ എലത്തൂർ േപാലീസ് കേസെടുത്തത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണച്ചുമതല വനിതാ പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചതിനെത്തുടർന്ന് വനിതാസെല്ലിന് കൈമാറിയ ആദ്യകേസാണിത്.

മുൻകൂർജാമ്യം ലഭിച്ച അധ്യാപകർ യൂട്യൂബ് വഴി അപകീർത്തിപ്പെടുത്തിയതിനെത്തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദുചെയ്യുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് ഇവർ കീഴടങ്ങിയത്.

Content Highlights:school students mother molested in kozhikode accused teachers surrendered in court