ചെന്നൈ: നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരേ വിദ്യാർഥികളുടെ പരാതി. ചെന്നൈ കെ.കെ. നഗർ പി.എസ്.ബി.ബി. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരിക്കുന്നത്.

അധ്യാപകൻ അശ്ലീലസന്ദേശങ്ങൾ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാർഥികളുടെ പരാതി. മാത്രമല്ല, ഓൺലൈൻ ക്ലാസിൽ വെറും തോർത്ത് മാത്രം ഉടുത്താണ് അധ്യാപകൻ പങ്കെടുക്കാറുള്ളതെന്നും ഇവർ ആരോപിക്കുന്നു. ഒട്ടേറെ വിദ്യാർഥികളാണ് അധ്യാപകനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ അധ്യാപകൻ അശ്ലീലസന്ദേശങ്ങൾ അയക്കുന്നതായാണ് ചില വിദ്യാർഥികളുടെ ആരോപണം. പെൺകുട്ടികളോട് അവരുടെ ചിത്രങ്ങൾ അയച്ചു നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും ചിലർ പറയുന്നു. പെൺകുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. നിലവിൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് അധ്യാപകനെതിരേ ആദ്യം രംഗത്തെത്തിയത്. ഇതോടെ സ്കൂളിലെ പൂർവ്വവിദ്യാർഥികളും ഇതേ അധ്യാപകനിൽനിന്ന് തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അധ്യാപകൻ പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശമായ രീതിയിൽ സ്പർശിച്ചിരുന്നതായുമാണ് പൂർവ്വവിദ്യാർഥികളും പറയുന്നത്. പരാതിപ്പെട്ടാൽ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു. നിലവിൽ പരാതി ഉന്നയിച്ച വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച പൂർവ്വവിദ്യാർഥികൾ, അധ്യാപകനെതിരേ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

വിഷയം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ഗീത ഗോവിന്ദരാജനും പി.എസ്.ബിബി. ഗ്രൂപ്പ് ഡയറക്ടർ ഷീല രാജേന്ദ്രയും അറിയിച്ചു. അധ്യാപകനെതിരേ നേരത്തെ പരാതി ലഭിച്ചിരുന്നതായുള്ള ആരോപണം തെറ്റാണെന്നും ഇവർ പറഞ്ഞു. വിദ്യാർഥികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമാണ് തങ്ങൾ പ്രധാന്യം നൽകുന്നതെന്നും വിഷയത്തിൽ ഉടനടി നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

അധ്യാപകനെതിരേ നിരവധി വിദ്യാർഥികൾ പരാതി ഉന്നയിച്ച സാഹചര്യത്തിൽ സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി.ഡി.എം.കെ. എം.പി.മാരായ കനിമൊഴിയും ദയാനിധി മാരനും സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

Content Highlights:school students complained sexual harassment against a teacher in chennai