തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി പരാതി. കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിനു സമീപം തുറസായ സ്ഥലത്തിരുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതെന്നാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലു പേര്‍ക്കാണ് മര്‍ദനമേറ്റത്.

ഓണ്‍ലൈന്‍ ക്ലാസില്‍ ഒരുമിച്ചിരുന്ന് പങ്കെടുക്കുന്നതിനിടെയാണ് പോലീസെത്തിയത്. തുടര്‍ന്ന് അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടോ, കഞ്ചാവ് ഉപയോഗിക്കുന്നവരാണോ എന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.  ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. 

കാട്ടാക്കട സി.ഐയുടെ ഒപ്പം വന്ന പോലീസുകാരാണ്  വണ്ണം കൂടിയ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച ശേഷം വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇവരെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. ഇതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. 

സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസുദ്യോഗസ്ഥരുടെ നടപടിക്ക് കാരണം എന്താണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അവിടെയെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: school students attacked by police in kattakkada allegations against police