കൊട്ടാരക്കര : ക്ലാസില്‍ സംസാരിച്ചതിന് ബധിര-മൂക ദമ്പതിമാരുടെ മകനായ അഞ്ചാം ക്ലാസുകാരനെ പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി. തലപൊട്ടിയ വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറത്തുകുളക്കട മൂര്‍ത്തിവിളവീട്ടില്‍ രതീഷിന്റെയും ലേഖയുടെയും മൂത്തമകനായ അഖിലേഷിനാണ് മര്‍ദനമേറ്റത്.

സംഭവം വിവാദമായതോടെ കലയപുരം സെന്റ് തെരേസാസ് യു.പി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോബിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് അഖിലേഷും ബന്ധുക്കളും പറയുന്നതിങ്ങനെ: സെമിനാര്‍ ക്ലാസില്‍ അടുത്തിരുന്ന കുട്ടിയോട് പെന്‍സില്‍ ചോദിച്ച അഖിലേഷിനെ പിന്നിലൂടെയെത്തിയ സിസ്റ്റര്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോരവാര്‍ന്ന അഖിലേഷിനെ ടീച്ചേഴ്സ് റൂമില്‍ കൊണ്ടുപോയി തലയില്‍ മരുന്നുവെച്ചു. തലയ്ക്ക് വേദനയുണ്ടെന്നറിയിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ല. വൈകുംവരെ സ്‌കൂളില്‍ ഇരുത്തിയ അഖിലേഷിനെ വൈകീട്ട് സ്‌കൂള്‍ബസിലാണ് വീട്ടിലേക്കയച്ചത്. തലകറക്കം അനുഭവപ്പെട്ട അഖിലേഷ് വീട്ടിലെത്തി പറയുമ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. മുറിവുണ്ടായ ഭാഗത്തെ മുടി നീക്കംചെയ്തപ്പോഴാണ് മുറിവ് ഗുരുതരമെന്ന് മനസ്സിലായത്. രാത്രിയില്‍ത്തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി.

കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. രക്ഷിതാക്കള്‍ പ്രതിഷേധമറിയിച്ചതോടെ സ്‌കൂള്‍ പ്രതിനിധികള്‍ വീട്ടിലെത്തി ക്ഷമാപണം നടത്തി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി മദര്‍ സുപ്പീരിയര്‍ പ്രസ്താവനയിറക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി കൊട്ടാരക്കര എസ്.ഐ. സി.കെ.മനോജ് അറിയിച്ചു.