കണ്ണൂര്‍: പാനൂര്‍ മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ചെയര്‍മാന്‍ കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ പാനൂര്‍ പോലീസും നേരത്തെ കേസെടുത്തിരുന്നു. 

സഹപാഠിയായ പെണ്‍കുട്ടിയുടെ കൂടെ നടന്നതിനാണ് മുത്താറിപ്പീടികയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സദാചാര ഗുണ്ടായിസം അരങ്ങേറിയത്. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

സംഭവത്തില്‍ കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം തന്നെ പാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ ആളുമാറി മര്‍ദിച്ചെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. പാനൂര്‍ പോലീസും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 

Content Highlights: school student attacked by auto driver in panoor kannur child rights commission registered case