പൊയിനാച്ചി: സാമൂഹികമാധ്യമത്തിലെ ചാറ്റിങ്ങില്‍ കുരുങ്ങി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ആദൂര്‍ സി.എ. നഗറിലെ എ. ഉസ്മാനെ (25) ആണ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ എട്ടിന് രാത്രിയാണ് ഇതേ സ്‌കൂളിലെ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചത്. ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാര്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിനാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ലൈംഗിക ചാറ്റിങ്ങിലൂടെ നിരന്തരമായി ഉസ്മാന്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നിരുന്നതായി വ്യക്തമായി. പോക്‌സോ നിയമം, ബാലനീതിവകുപ്പ്, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തി ഉസ്മാനെതിരേ മേല്‍പ്പറമ്പ് പോലീസ് ജില്ലാ സെഷന്‍സ് കോടതിയില്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കി.

ഇതിനിടെ ഉസ്മാന്‍ കര്‍ണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ കര്‍ണാടക പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമംനടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണസംഘം പിന്നീട് തന്ത്രപൂര്‍വം ഉസ്മാനെ പിടികൂടുകയായിരുന്നു. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ. വി.കെ. വിജയന്‍, എസ്.ഐ. കെ.എം. ജോണ്‍, എ.എസ്.ഐ.മാരായ മധുസൂദനന്‍, അരവിന്ദന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജോസ് വിന്‍സന്റ്, ദീപക്, നിഷാന്ത്, നികേഷ്, സുരേഷ്, ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കോടതിയില്‍ ഹാജരാക്കിയ ഉസ്മാനെ ഒക്ടോബര്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്ത് ഹൊസ്ദുര്‍ഗ് സബ് ജയിലിലടച്ചു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്തദിവസംതന്നെ അപേക്ഷ നല്‍കുമെന്ന് മേല്‍പ്പറമ്പ് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)