ന്യൂഡല്‍ഹി: ഹരിയാണയിലെ റിവാരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഏഴു വയസുകാരി ബലാത്സംഗത്തിനിരയായി. റിവാരിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാജു(35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഏഴുവയസുകാരി അതിക്രമത്തിനിരയായത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന പ്രതി മിഠായി കാണിച്ച് പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം കടന്നുകളയുകയുമായിരുന്നു.

ദേഹമാസകലം പരിക്കേറ്റ പെണ്‍കുട്ടി ചോരയൊലിച്ച് അവശയായി വീട്ടിലെത്തിയപ്പോഴാണ് ബലാത്സംഗം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ പിടികൂടി. അതേസമയം, സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

ഒരു മാസം മുമ്പ് സി.ബി.എസ്.ഇ റാങ്ക് ജേതാവായ 19-കാരി കൂട്ടബലാത്സംഗത്തിനിരയായ അതേസ്ഥലത്താണ് മറ്റൊരു പെണ്‍കുട്ടിയും അതിക്രമത്തിനിരയായിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് കോച്ചിങ് ക്ലാസിലേക്ക് പോയ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.