ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ എസ്.ബി.ഐ ജീവനക്കാരിയായ 19 വയസുള്ള യുവതിയെ മുന്‍കാമുകന്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ മുന്‍കാമുകന്‍ അറസ്റ്റിലായി. 

പോലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട സ്‌നേഹലത പ്രതിയായ ഗുട്ടി രാജേഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചതോടെ യുവതി ഇയാളിൽ നിന്നകന്നു. പിന്നീട് തന്റെ കോളേജിലെ സഹപാഠിയായ പ്രവീണുമായി അടുത്തു. ഇതില്‍ പ്രകോപിതനായ രാജേഷ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. 

ഒരു വര്‍ഷത്തിനിടെ സ്‌നേഹലതയും രാജേഷും തമ്മില്‍ 1,618 തവണ ഫോണില്‍ സംസാരിച്ചതായും പോലീസ് പറഞ്ഞു.  ചൊവ്വാഴ്ച രാജേഷ് സ്‌നേഹലതയെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. തുടര്‍ന്ന് അനന്തപുറിലേക്കുള്ള യാത്രാമധ്യേ പ്രതി ബദനപ്പള്ളിയിലെ ഒരു വയലിനു സമീപം ബൈക്ക് നിര്‍ത്തി സഹപാഠിയായ പ്രവീണുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യം ചെയ്തു.

ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും യുവതിയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് യുവതിയെ തിരിച്ചറിയാതിരിക്കാൻ അവളുടെ പക്കലുണ്ടായിരുന്ന ബാങ്ക് രേഖകള്‍ കത്തിച്ച ശേഷം മൃതദേഹത്തില്‍ ഇട്ടു. ഇതിനാലാണ് മൃതദേഹം ഭാഗികമായി കത്തിയത്. 

അതേസമയം ലൈംഗികാതിക്രം നടന്നിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു.

ജോലിസ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട വയലിലാണ് സ്‌നേഹലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ രാജേഷ് കുറ്റം സമ്മതിച്ചതായും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.  സംഭവത്തില്‍ രാജേഷിന്റെ സുഹൃത്തിനും പങ്കുള്ളതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

Content Highlights: SBI Employee, 19, Strangled And Set On Fire, Ex-Boyfriend Arrested