ചെന്നൈ: മുതിര്‍ന്നപൗരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ആള്‍മാറാട്ടം നടത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത എസ്.ബി.ഐ. അസിസ്റ്റന്റ് ബാങ്ക് മാനേജരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. കരൂര്‍ മണ്‍മംഗലം സ്വദേശിയായ കെ. മാധവനാണ് (35) പിടിയിലായത്. എഗ്മൂറിലെ എസ്.ബി.ഐ. റീട്ടെയില്‍ അസെറ്റ്സ് സെന്‍ട്രല്‍ പ്രോസസിങ് സെന്ററില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തട്ടിപ്പ് നടന്നത്. മുതിര്‍ന്നപൗരനായ രാമകൃഷ്ണന്‍ എന്നയാളുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. അക്കൗണ്ടില്‍ പണം കാണാതായതോടെ രാമകൃഷ്ണന്‍ ബാങ്കില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ബി.ഐ. അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന മാധവനാണ് അധികാരദുര്‍വിനിയോഗം നടത്തി പണം തട്ടിയെടുത്തതെന്ന് കണ്ടെത്തി.
സ്വന്തം അക്കൗണ്ടിലേക്കാണ് മാധവന്‍ പണം മാറ്റിയതെന്നും വ്യക്തമായി. തുടര്‍ന്ന് ബാങ്കില്‍നിന്ന് പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍, ഓഹരിവിപണിയില്‍ നിക്ഷേപിക്കാനാണ് മാധവന്‍ പണം തട്ടിയെടുത്തതെന്ന് തെളിഞ്ഞു.
2013 മുതല്‍ ഇയാള്‍ ഓഹരിവിപണിയില്‍ നിക്ഷേപം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സമ്പാദ്യത്തിനുപുറമേ വായ്പയെടുത്തും ഓഹരിവിപണിയില്‍ നിക്ഷേപിച്ച് മാധവന്‍ വലിയതുക നഷ്ടപ്പെടുത്തിയിരുന്നു.
രാമകൃഷ്ണന്റെ അക്കൗണ്ടില്‍നിന്ന് തട്ടിച്ചെടുത്ത 82 ലക്ഷം രൂപയും പ്രതി ഇത്തരത്തില്‍ നഷ്ടപ്പെടുത്തി. പോലീസ് കേസായതോടെ ഇയാള്‍ കരൂരില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. മറ്റു ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍നിന്നും ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എഗ്മൂറിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
Content Highlights: sbi assistant manager arrested in money fraud case