മുംബൈ: ടെലിവിഷൻ ചാനലുകളിൽ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള പരിപാടികൾ അവതരിപ്പിച്ചിരുന്ന രണ്ടു യുവതികളെ മോഷണക്കേസിൽ അറസ്റ്റുചെയ്തു. വരുമാനം നിലച്ച് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

സാവ്ധാൻ ഇന്ത്യ, ക്രൈം പട്രോൾ എന്നീ ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയരായ സുരഭി സുരന്ദ്രലാൽ ശ്രീവാസ്തവ (25), മൊസീന മുഖ്താർ ശൈഖ് (19) എന്നിവരെയാണ് മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്. കുറ്റകൃത്യങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്ന ഈ പരിപാടികൾക്കുപുറമേ എതാനും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുക്കളായ സുരഭിയും മൊസീനയും കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം വരുമാനം കുറഞ്ഞതോടെ ആരേ കോളനിയിലെ ഒരു പാർപ്പിട കേന്ദ്രത്തിലേക്ക് താമസം മാറുകയായിരുന്നു. ഇവരുടെ സുഹൃത്തിന്റെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് താമസിച്ചത്. ഇതേവീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കറിൽനിന്ന് 3,28,000 രൂപ മോഷണം പോയി. പണം മോഷ്ടിച്ചത് ഇവരാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് അവർ പോലീസിൽ പരാതി നൽകിയതോടെയാണ് ഇരുവരും പിടിയിലായത്. പണമടങ്ങുന്ന പൊതിയുമായി നടിമാർ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം കാണിച്ചതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ആരേ പോലീസ് സ്റ്റേഷൻ സീനിയർ ഓഫീസർ നൂതൻ പവാർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ താരങ്ങളെ ജൂൺ 23 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് 50,000 രൂപ കണ്ടെടുത്തിട്ടുണ്ട്.