ബെംഗളൂരു: കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു ജില്ലകളിലെ ചില സ്ഥലങ്ങളില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് സന്ദേശം കൈമാറിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ അഞ്ച് ഫോണ്‍കോളുകള്‍ ഇവിടെനിന്ന് വിദേശത്തേക്ക് പോയതാണ് സ്ഥിരീകരിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ മുഡബിദ്രി, മുഡിപ്പു മേഖലകളില്‍നിന്നും ഉത്തരകന്നഡ ജില്ലയിലെ വനംമേഖലയില്‍നിന്നും ചിക്കമഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളില്‍നിന്നുമാണ് സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ പോയത്.

ഇത്തരം ഫോണ്‍കോളുകള്‍ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് സംസ്ഥാനത്ത് സാറ്റലൈറ്റ് ഫോണ്‍വിളികള്‍ നടത്തിയത് കണ്ടെത്തുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്ന് 476 സാറ്റലൈറ്റ് ഫോണ്‍കോളുകള്‍ നടത്തിയത് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര സഭയെ അറിയിച്ചു. 2020-ല്‍ 256 ഫോണ്‍കോളുകളും ഈ വര്‍ഷം 220 ഫോണ്‍കോളും നടത്തിയത് സ്ഥിരീകരിച്ചതായാണ് മന്ത്രി അറിയിച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്.