കാക്കനാട്: കൊല്ലൂര്‍ മൂകാംബികയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സനു മോഹന്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. നിത്യേന ക്ഷേത്രം സന്ദര്‍ശിച്ചിരുന്ന സനു മോഹന്‍ ദിവസവും എല്ലാ പത്രങ്ങളും അരിച്ചുപെറുക്കി വായിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വാര്‍ത്താ ചാനലുകളും നിരന്തരം കാണുന്നുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാര്‍ത്തകളും പോലീസിന്റെ നീക്കവും കൃത്യമായി അറിയാനാണ് മാധ്യമങ്ങളെ നിരന്തരം ആശ്രയിച്ചതെന്ന് വ്യക്തം.

സനുവിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നാണ് വിവരം. തല മൊട്ടയടിച്ച്, മീശയും കളഞ്ഞ്, മാസ്‌ക് ധരിച്ചാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും പണമാണ് റൂമിന് അഡ്വാന്‍സ് തുകയായി നല്‍കിയത്.

സ്വന്തം പേര് തന്നെയാണ് രജിസ്റ്റര്‍ ബുക്കി എഴുതിയിരുന്നത്. മാസ്‌ക് ധരിച്ച് ആര്‍ക്കും അധികം സംശയത്തിനിട കൊടുക്കാത്ത രീതിയില്‍ സൗഹാര്‍ദപരമായ രീതിയിലായിരുന്നു സനു മോഹന്റെ പെരുമാറ്റമെന്ന് ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ഇവിടെ ഒളിച്ചുതാമസിക്കാനും മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി പ്രാദേശിക സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.

വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം

കാക്കനാട്: വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉള്ളതായി പരിശോധനാ ഫലം. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനാ ഫലത്തിലാണിത് വ്യക്തമാക്കുന്നത്.

ഉള്ളില്‍ വിഷാംശമൊന്നും കണ്ടെത്തിയില്ല. ശാരീരിക പീഡനങ്ങളൊന്നും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണകാരണം തിരിച്ചറിയാനുള്ള ആന്തരാവയവ പരിശോധനകള്‍ നടത്തുന്ന ടോക്‌സിക്കോളജി വിഭാഗത്തില്‍ നടത്തിയ രക്തപരിശോധനയിലാണ് ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തിയത്. ലാബിലെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നതോടെ മദ്യമോ, ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലുമോ നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍പ്പുഴയില്‍ തള്ളിയതാണോ എന്ന് സംശയം ഉയരുന്നുണ്ട്. വൈഗയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍നിന്ന് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആന്തരാവയവങ്ങളായ ആമാശയം, കരള്‍, വൃക്ക, വന്‍കുടല്‍ തുടങ്ങിയവ രാസ പരിശോധനയ്ക്ക് അന്വേഷണ സംഘം ലാബിലെത്തിച്ചത്. പരിശോധനാ ഫലങ്ങള്‍ ലാബില്‍ നിന്ന് പോലീസിന് കൈമാറി.

സംഭവം നടന്ന അന്നു രാത്രി വൈഗയെ പിതാവ് സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയിലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.