കല്പറ്റ/പനമരം: കളക്ടറേറ്റ് വളപ്പിലെയും പച്ചിലക്കാട്-മീനങ്ങാടി റോഡരികിലെ വരദൂര്‍ മാരിയമ്മന്‍ക്ഷേത്ര പരിസരത്തെയും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ജീപ്പ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെകൂടി പോലീസ് അറസ്റ്റുചെയ്തു. മാരിയമ്മന്‍ ക്ഷേത്രപരിസരത്തെ ചന്ദനമരം മുറിച്ചകേസില്‍ പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്‌റഫ് (47) ആണ് അറസ്റ്റിലായത്.

കളക്ടറേറ്റില്‍നിന്ന് മോഷ്ടിച്ച ചന്ദനമരം കമ്പളക്കാടേക്ക് കൊണ്ടുപോകാന്‍ ജീപ്പുമായി എത്തിയതിനാണ് ഏച്ചോം പിലാക്കല്‍ പി. നൗഷാദ് (36) അറസ്റ്റിലായത്. അഷ്‌റഫിന്റെ പുതുശ്ശേരിക്കടവിലെ വീട്ടില്‍ സൂക്ഷിച്ച അഞ്ചുകഷണം ചന്ദന ഉരുപ്പടികളും ചന്ദനത്തടികള്‍ കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വരദൂര്‍ ക്ഷേത്രത്തിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 31-ന് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്‍ (47), മോഹനന്‍ (40) എന്നിവരെ കേണിച്ചിറ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് അന്വേഷണ സംഘം അഷറഫിലേക്ക് എത്തിയത്.

ഓഗസ്റ്റ് 20-ന് പുലര്‍ച്ചെയോടെയാണ് വരദൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചന്ദനമരം മുറിച്ചുകടത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കളക്ടറേറ്റ് വളപ്പിലെ ചന്ദനമരവും ബാലനും മോഹനനും ചേര്‍ന്നാണ് മുറിച്ചുകടത്തിയതെന്ന് പോലീസ് കണ്ടെത്തി. കളക്ടറേറ്റ് വളപ്പിലെ ചന്ദനം മോഷണംപോയ കേസില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍നിന്നാണ് നൗഷാദിന്റെ പങ്ക് വ്യക്തമായത്.

പ്രതികളുമായി തെളിവെടുപ്പ്

കളക്ടറേറ്റിലെ ചന്ദനമോഷണക്കേസില്‍ ബുധനാഴ്ച കല്പറ്റ പോലീസ് ബാലനെയും മോഹനനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരംമുറിച്ച സ്ഥലം, ബൈപ്പാസ് റോഡിലേക്ക് ചന്ദനം ചുമന്നെത്തിച്ച വഴി, ഇരുവരും താമസിക്കുന്ന കോളനി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

ഓഗസ്റ്റ് 14-ന് പുലര്‍ച്ചെ 12 മണിയോടെ മരം മുറിച്ചെന്നും മൂന്നുമണിയോടെ ബൈപ്പാസ് റോഡിലേക്ക് മരം എത്തിച്ച് ജീപ്പില്‍ കമ്പളക്കാടേക്ക് കടത്തിയെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. കോളനിയിലെത്തിയാണ് ബാലനും മോഹനനും ചന്ദനത്തടി ചെത്തിമിനുക്കി കഷണങ്ങളാക്കിയതെന്നും പോലീസ് പറഞ്ഞു. നാലുകിലോ തൂക്കമുള്ള കഷണങ്ങള്‍ ഇവര്‍ മറ്റൊരു കമ്പളക്കാട് സ്വദേശിക്ക് വിറ്റെന്നും കമ്പളക്കാട് സ്വദേശിയില്‍നിന്നാണ് ചന്ദനക്കഷണങ്ങള്‍ അഷ്‌റഫിന്റെ കൈവശമെത്തിയതെന്നും പോലീസ് പറയുന്നു. 9000 രൂപയ്ക്കാണ് ഇരുവരും കമ്പളക്കാട് സ്വദേശിക്ക് ചന്ദനക്കഷണങ്ങള്‍ വിറ്റത്. ഇതില്‍ 3000 രൂപ ജീപ്പ് ഡ്രൈവറായ നൗഷാദിനു നല്‍കി. ബാലന്റെയും മോഹനന്റെയും പക്കല്‍നിന്നു ചന്ദനം വാങ്ങിയ ആള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, എസ്.ഐ. കെ.എ. ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കേണിച്ചിറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. സതീഷ് കുമാര്‍, എസ്.ഐ. ടി.കെ. ഉമ്മര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എല്‍ദോ എന്‍. വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് അഷ്‌റഫിനെ പിടികൂടിയത്.