കൊച്ചി: 'ഗള്‍ഫ് സിഗരറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ സിഗരറ്റുകളുടെ വില്‍പ്പന വ്യാപകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശോധന കുറഞ്ഞതോടെയാണ് വീണ്ടും ലോബി ശക്തിയാര്‍ജിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന 'നിലവാരം കൂടിയ സിഗരറ്റ്' എന്ന ലേബലിലാണ് ഇവയുടെ വില്‍പ്പന പൊടിപൊടിക്കുന്നത്. തിരൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് നികുതി അടയ്ക്കാത്ത സിഗരറ്റ് എത്തുന്നതെന്നാണ് വിവരം. മറുനാടന്‍ തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂരിലാണ് ഇതിന്റെ വ്യാപകമായ വില്‍പ്പന.

തിരൂരില്‍നിന്ന് പെരുമ്പാവൂരില്‍ എത്തിച്ച് സംഭരിച്ച്, ഇവിടെനിന്ന് മധ്യകേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. '

വിദേശ ബ്രാന്‍ഡ് സിഗരറ്റ്' എന്നു പറയുന്ന ഇവയുടെ പായ്ക്കറ്റില്‍ പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ മുന്നറിയിപ്പോ സിഗരറ്റിന്റെ വിലയോ രേഖപ്പെടുത്തിയിട്ടില്ല.

ഇത്തരം സിഗരറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹവുമാണ്. ഇരട്ടി ലാഭം തന്നെയാണ് കച്ചവടക്കാരെ വ്യാജ സിഗരറ്റ് വില്‍പ്പനയിലേക്ക് തിരിക്കുന്നത്. താരതമ്യേനയുള്ള വിലക്കുറവും വിദേശസിഗരറ്റ് ഉപയോഗിക്കാമെന്നതുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

28 ശതമാനം ജി.എസ്.ടി. അഞ്ചു ശതമാനം സെസ്, 64 ശതമാനം എക്‌സൈസ് തീരുവ എന്നിങ്ങനെയാണ് ഇന്ത്യയില്‍ സിഗരറ്റിന്റെ നികുതി. എന്നാല്‍, ഇതൊന്നും അടയ്ക്കാത്തതിനാല്‍ വിലക്കുറവില്‍ വില്‍ക്കാന്‍ വ്യാജ സിഗരറ്റ് ലോബിക്ക് കഴിയും.

ഉപയോഗ കാലയളവ് കഴിഞ്ഞവയും വില്‍ക്കും. രാജ്യത്ത് വിറ്റഴിക്കുന്ന നാലില്‍ ഒരുഭാഗം സിഗരറ്റും നികുതി അടയ്ക്കാത്തതാണെന്നാണ് ടുബാക്കോ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ എക്‌സൈസ് റെയ്ഡില്‍ ആറുലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ശ്രീലങ്ക വഴിയാണ് ഇവ കേരളത്തിലേക്ക് കടത്തുന്നതെന്നായിരുന്നു അന്ന് എക്‌സൈസിന്റെ നിഗമനം. തീരംവഴി ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരം ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. വ്യാജ സിഗരറ്റിന്റെ വരവിലും ഇത്തരം ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.