മോസ്കോ: 1300 യു.എസ്. ഡോളറിന് വേണ്ടിയുള്ള യൂട്യൂബ് ചലഞ്ച് അവസാനിച്ചത് യുവതിയുടെ ദാരുണാന്ത്യത്തിൽ. റഷ്യയിലെ യൂട്യൂബറായ സ്റ്റാസ് റീഫ്ളേയുടെ കാമുകി വാലന്റീന ഗ്രിഗോറിയേവയാണ് യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. കൊടുംതണുപ്പിൽ കാമുകിയെ 15 മിനിറ്റ് വീടിന് പുറത്തുനിർത്തുന്നതായിരുന്നു സ്റ്റാസ് റീഫ്ളേയുടെ യൂട്യൂബ് ചലഞ്ച്. എന്നാൽ അടിവസ്ത്രം മാത്രം ധരിച്ച് കൊടുംതണുപ്പിൽനിന്ന യുവതി മരണപ്പെടുകയായിരുന്നു.

കാമുകിയെ കൊടുംതണുപ്പിൽ വീടിന് പുറത്തുനിർത്തിയാൽ 1300 യു.എസ്. ഡോളർ(ഏകദേശം 95680 രൂപ) നൽകാമെന്നായിരുന്നു ഒരു പ്രേക്ഷകന്റെ വാഗ്ദാനം. ഈ ചലഞ്ച് സ്വീകരിച്ച സ്റ്റാസ് ഗർഭിണിയായ കാമുകിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൊടുംതണുപ്പിൽ വീടിന്റെ ബാൽക്കണിയിൽ നിർത്തി വാതിലടച്ചു. ഇതെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ ഇയാൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. തണുപ്പ് സഹിക്കാനാവാതെ കാമുകി പലതവണ വാതിലിൽ മുട്ടിയെങ്കിലും യുവാവ് വാതിൽ തുറന്നില്ല. ഒടുവിൽ 15 മിനിറ്റിന് ശേഷം വാതിൽ തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ബോധരഹിതയായ കാമുകിയെ സ്റ്റാസ് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കാമുകിയുടെ ഹൃദയമിടിപ്പ് നിലച്ചെന്നും പ്രതികരിക്കുന്നില്ലെന്നും ഇയാൾ വിളിച്ചുപറയുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം മറ്റുള്ളവർ യൂട്യൂബിലൂടെ തത്സമയം കാണുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഡോക്ടറാണ് യുവതി മരിച്ചതായി സ്ഥിരീകരിച്ചത്.

സംഭവം വിവാദമായതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഇയാൾക്ക് ശിക്ഷ ലഭിക്കുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, സ്റ്റാസിന്റെ വീഡിയോ യൂട്യൂബും നീക്കംചെയ്തിട്ടുണ്ട്. ദാരുണമായ സംഭവം തങ്ങൾക്ക് ഞെട്ടലുണ്ടാക്കിയെന്നും ഇത്തരത്തിലുള്ള വീഡിയോകൾ ഒരിക്കലും സ്വീകാര്യമല്ലെന്നുമായിരുന്നു യൂട്യൂബിന്റെ പ്രതികരണം.

Content Highlights:russian youtuber kills his girl friend while youtube challenge