ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയെയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയെയും പോലീസ് പിടികൂടി. ഷിംലയിലേക്ക് ലോറിയില്‍ ഒളിച്ചുകടക്കുന്നതിനിടെ ഷോഗിയില്‍ പോലീസ് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. കര്‍ഫ്യൂ പാസ് അടക്കം യാതൊരു രേഖകളുമില്ലാതെ അനധികൃതമായിട്ടായിരുന്നു ഇവരുടെ യാത്ര. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് പിടികൂടിയിട്ടുണ്ട്. 

പിടിയിലായ യുവാവ് ഹിമാചലിലെ നിര്‍മാന്‍ഡ സ്വദേശിയാണ്. മുപ്പതുവയസിലേറെ പ്രായമുള്ള റഷ്യന്‍ യുവതിക്കൊപ്പം നോയിഡയില്‍നിന്നാണ് ഇയാള്‍ ലോറിയില്‍ ഒളിച്ചിരുന്ന് യാത്ര തിരിച്ചത്. നാട്ടിലെത്തി പരമ്പരാഗത രീതിയില്‍ റഷ്യന്‍ യുവതിയെ വിവാഹം കഴിക്കാനായിരുന്നു മുപ്പത് വയസില്‍ താഴെ പ്രായമുള്ള യുവാവിന്റെ തീരുമാനം. എന്നാല്‍ ഷോഗിയിലെ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് സംഘമാണ് ഇവരെ ലോറിയില്‍ ഒളിച്ചിരിക്കുന്നനിലയില്‍ കണ്ടെത്തിയത്. 

പിടിയിലായ വിദേശ വനിതയെ ദാല്ലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ബാക്കി മൂന്ന് പേരെ ഷോഗിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

Content Highlights: russian woman and her boyfriend caught by police in himachal pradesh