മോസ്കോ: റഷ്യയിലെ പ്രമുഖ സെക്സോളജിസ്റ്റ് അന്ന അംബാർസുമയനെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. മോസ്കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് അന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. നഗ്നമായ നിലയിൽ കട്ടിലിലായിരുന്നു മൃതദേഹം. സമീപത്തായി ഹാൻഡ്ബാഗും വസ്ത്രവുമുണ്ടായിരുന്നു. ജീവനക്കാർ മുറിയിൽ പ്രവേശിക്കുന്നതിന് എട്ട് മണിക്കൂർ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചില ഗുളികകളും പോലീസ് മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

അന്നയെ ഹോട്ടലിൽ കാണാനെത്തിയ ഒരാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ അന്നയെ കാണാനെത്തിയിരുന്നു.

അതിനിടെ. അന്നയെ പണമിടപാടുമായി ബന്ധപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി അവരുടെ അഭിഭാഷകനും പ്രതികരിച്ചു. കഴിഞ്ഞദിവസം ഫോണിൽ വിളിച്ചപ്പോൾ അന്ന ഇക്കാര്യം പറഞ്ഞതായും അവർ വല്ലാതെ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

മനോരോഗ വിദഗ്ധയെന്ന് അവകാശപ്പെടുന്ന അന്ന റഷ്യയിലെ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയയായത്. സെക്സോളജി സംബന്ധമായ നിരവധി ടെലിവിഷൻ ഷോകളിൽ ഈ 26-കാരി പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. വലിയ ബിസിനസ് പ്രമുഖരടക്കം അന്നയുടെ ആരാധകവൃന്ദത്തിലുണ്ട്. ഇവരിൽ ചിലർ വിലയേറിയ ആഡംബര കാറുകളടക്കം സമ്മാനമായി നൽകിയിരുന്നു.

Content Highlights:russian sexologist found dead in a hotel room