തൊടുപുഴ:  പുതിയ നിരക്കില്‍ ഇന്ധനം നല്‍കാത്തതിനെച്ചൊല്ലി പെട്രോള്‍ പമ്പില്‍ തര്‍ക്കം. ഇടുക്കി ചേലചുവടിലെ പെട്രോള്‍ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തര്‍ക്കവും വാക്കേറ്റവും ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം പുതിയ നിരക്കില്‍ ഇന്ധനവിതരണവും ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്. പുതിയ നിരക്കുകള്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ചേലചുവടിലെ പമ്പിലെത്തിയവര്‍ക്ക് പഴയ നിരക്കിലാണ് ഇന്ധനം നല്‍കിയത്. 

നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം പമ്പിലെ സിസ്റ്റത്തില്‍ പുതിയ നിരക്കുകള്‍ വന്നിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമായി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിച്ച് പുതിയ നിരക്കില്‍ ഇന്ധനവിതരണം ആരംഭിക്കുകയും ചെയ്തു. 

Content Highlights: ruckus in a petrol pump in idukki over fuel price