ബെംഗളൂരു: രാമനഗര തവരെക്കരെയിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിവരാവകാശ പ്രവർത്തകൻ മരിച്ചു. കൈയും കാലും നഷ്ടപ്പെട്ട തവരെക്കരെ സ്വദേശി എസ്. വെങ്കടേഷാണ് (50) മരിച്ചത്. സ്വന്തം കൃഷിയിടത്തിന് സമീപത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വെങ്കടേഷിന്റെ വലതു കാലും കൈയും വെട്ടിമാറ്റിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ച ബല്ലാരിയിലും വിവരാവകാശപ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.

ആക്രമണം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘത്തെ അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആക്രമണകാരണം അന്വേഷിക്കുകയാണ്. അഴിമതി പുറത്തുകൊണ്ടുവരുന്നതിന് വെങ്കടേഷ് നൽകിയ വിവരാവകാശ അപേക്ഷകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

കൃഷിയിടത്തിലൂടെ നടക്കുമ്പോൾ അക്രമികൾ വെങ്കടേഷിന്റെ വലതുകാലിന് വെട്ടുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ വലതു കൈക്കും വെട്ടേറ്റു. കാലും കൈയും മുറിഞ്ഞ് രക്തത്തിൽ കുളിച്ചുകിടന്ന വെങ്കടേഷിനെ അതുവഴി വന്നവരാണ് ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവിൽ പട്ടാപ്പകൽ ബാങ്കിനകത്ത് ഗുണ്ടയെ വെട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ ബാങ്കിനകത്ത് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോറമംഗല എട്ടാം ബ്ലോക്കിലെ യൂണിയൻ ബാങ്ക് ശാഖയിലാണ് സംഭവം. എട്ടോളം പേരടങ്ങുന്ന മുഖംമൂടിധരിച്ച സംഘമെത്തി ഗുണ്ടാനേതാവായ ബബ്ലിയെ(41) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമായിരുന്നു ബബ്ലി ബാങ്കിലെത്തിയത്. നേരത്തേ കൊലപാതകകേസിലും കൊലപാതകശ്രമ കേസിലുമെല്ലാം പ്രതിയായിരുന്ന ബബ്ലിക്കെതിരേ 2011-നു ശേഷം കേസുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

വിവേക്നഗർ കേന്ദ്രീകരിച്ചുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെപിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബാങ്കിലേക്കുപോയ ബബ്ലിയെ അക്രമിസംഘം പിന്തുടർന്നെത്തി വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഉടൻതന്നെ അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. ബാങ്കിന്റെ മുമ്പിൽ തന്നെയായിരുന്നു അക്രമികൾ വാഹനം പാർക്കുചെയ്തത്. ബബ്ലിയെ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ട ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തിയിലായി.

ബെംഗളൂരു ഈസ്റ്റ് അഡീഷണൽ കമ്മിഷർ എസ്. മുരുകൻ, സൗത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീനാഥ് മഹാദേവ് ജോഷി എന്നിവർ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് ലബോറട്ടറി ഉദ്യോഗസ്ഥരും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോറമംഗല പോലീസ് കേസെടുത്തു.