കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും റിട്ട. എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി ആക്രമിച്ചു. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് റിട്ട. എസ്.ഐ. ചവറ സ്വദേശി റഷീദ് ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം മര്‍ദിച്ചത്. ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മര്‍ദനം തടയാനെത്തിയ സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ റഷീദും സംഘവും വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ചെന്നാണ് ശ്രീകുമാര്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ് ശ്രീകുമാറിന്റെ അമ്മ നിലത്തുവീണ് കിടക്കുന്നതും കമ്പിവടിയുമായി റഷീദ് ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരേ ശ്രീകുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാറിന്റെ ആരോപണം. അതേസമയം, ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് അക്രമസംഭവമുണ്ടായതെന്നുമാണ് പോലീസിന്റെ വിശദീകരണം. 

സംഭവത്തില്‍ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പ്പെടെയുള്ള നാലുപേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ള ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വധശ്രമം ഉള്‍പ്പെടെ ചുമത്തി ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 

Content Highlights: rti activist and his mother attacked in karunagappally kollam retd si in police custody