തൃശ്ശൂർ: 1994 ഡിസംബർ നാല്‌ പുലർച്ചെ രണ്ടുമണി. ആർ.എസ്.എസ്. കാര്യവാഹക് തൊഴിയൂർ മനങ്കുളംവീട്ടിൽ സുനിലി(19)ന്റെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് കൊലയാളികൾ അകത്തുകടന്നു. ആയുധവുമായെത്തിയവർ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി. തടയാനെത്തിയ അച്ഛൻ കുഞ്ഞുമോനെ അടിച്ചു വീഴ്‌ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന്‌ സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു.

ഇൗ സംഭവത്തിന് പിന്നിൽ മതതീവ്രവാദസംഘടനയാണെന്ന് ആർ.എസ്.എസ്. അന്ന് ആരോപിച്ചെങ്കിലും കേസന്വേഷിച്ച അന്നത്തെ കുന്നംകുളം ഡിവൈ.എസ്.പി. ചന്ദ്രനും ഗുരുവായൂർ സി.െഎ. ശിവദാസൻപിള്ളയും കണ്ടെത്തിയത് ഇതിനു പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്നാണ്.

മൂന്നാംപ്രതിയാക്കിയ ഷെമീർ ഒളിവിൽ പോയി, പിന്നീട് കൊല്ലപ്പെട്ടു. ആറാംപ്രതി സുബ്രഹ്മണ്യൻ വിചാരണയ്ക്കിടെ െകാല്ലപ്പെട്ടു. ടി.പി. സെൻകുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിൽ തീവ്രവാദിബന്ധം കൂടുതൽ അന്വേഷിക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.

തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ ക്രൈംബ്രാ‍ഞ്ച് അന്വേഷിച്ചു. ഇതിനിടെ തീവ്രവാദിബന്ധമുള്ള ഒരു എൻ.ഡി.എഫ്. പ്രവർത്തകനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് വിവരം ലഭിച്ചു.

സുനിലിന്റെ വീട് കാണിച്ചു കൊടുക്കുകയും അക്രമത്തിൽ പങ്കെടുക്കുകയും ചെയ്തത് മൊയ്‌നുദീനായിരുന്നു. മറ്റ് പ്രതികൾ പോലീസിന്റെ വലയിലായെന്നാണ് സൂചന. സി.ഐ. കെ.എം. ബിജു, ക്രൈംബ്രാഞ്ചിലെ അജിത്ത്, വിനോദ്കുമാർ, മലപ്പുറം ക്രൈംബ്രാഞ്ചിലെ പ്രമോദ്, ജയപ്രകാശ്, രാജേഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. എസ്.പി. സുദർശനാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.

Content Highlights: RSS worker Sunil murder case