അമ്പലപ്പാറ(പാലക്കാട്): മമ്പറത്ത് ആര്‍.എസ്.എസ്. പ്രാദേശികനേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയില്‍ തെളിവെടുപ്പ് നടത്തി.

കൊലപാതകത്തിനുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്ക്കല്‍വീട്ടില്‍ നിസാറുമായാണ് (നിഷാദ്-(37) പോലീസ് തെളിവെടുപ്പ് നടത്തിയത്. തിരുണ്ടിക്കലിലെ പഴയ ക്വാറിപരിസരം, വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലം, പ്രതിയുടെ വീട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

രണ്ട് വാഹനങ്ങള്‍ ഇവിടെനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പാറ തിരുണ്ടി തോടിന് സമീപത്തെ പഴയ ക്വാറിപരിസരത്ത് നിര്‍ത്തിയിട്ട ലോറിയിലാണ് പ്രതികളെ നിസാര്‍ ഒളിച്ചുതാമസിപ്പിച്ചിരുന്നതെന്നും പ്രതികളെ താമസിപ്പിച്ച സ്ഥലം ഇയാള്‍ കാണിച്ചുതന്നെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് കാറുകള്‍ നിര്‍ത്തിയിട്ട സ്ഥലത്തും തെളിവെടുത്തു. ചുനങ്ങാട് മലപ്പുറത്ത് വീട്ടുമുറ്റത്തുനിന്ന് ഈ കാറുകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയ സംഘം പാലക്കാട്ടേക്ക് മടങ്ങി.

പാലക്കാട് സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി പരിശോധന നടത്തിയത്.

നവംബര്‍ 15-ന് രാവിലെ ഒമ്പതോടെയാണ് കിണാശ്ശേരി മമ്പറത്ത് ആര്‍.എസ്.എസ്. തേനാരിമണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്.