പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു. ദൃക്സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അര്‍ഷിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്.

ബുധനാഴ്ച ഉത്തരമേഖലാ ഐ.ജി. അശോക് യാദവിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ്സംഘം അന്വേഷണപുരോഗതി വിലയിരുത്തിയശേഷമാണ് രേഖാചിത്രം തയ്യാറാക്കാന്‍ തീരുമാനിച്ചത്. മറ്റുസാക്ഷികളുണ്ടോയെന്ന് പരിശോധിച്ചശേഷം അവരുടെകൂടി ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം പുറത്തുവിടാനാണ് തീരുമാനം. സംഭവംനടന്ന് രണ്ടുദിവസമായിട്ടും പ്രതികളെ സംബന്ധിച്ച് സൂചനലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.

പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. ദേശീയപാതയിലെയും പെരുവെമ്പ്, മമ്പറം ഭാഗങ്ങളിലെയുമടക്കം നൂറോളം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ടി.എബ്രഹാം പറഞ്ഞു.

തിങ്കളാഴ്ചരാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്ത്, ഭാര്യ അര്‍ഷികയുടെ മുന്നില്‍വെച്ച് കൊല്ലപ്പെട്ടത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെളുത്തനിറമുള്ള കാറിലെത്തിയ സംഘം സഞ്ജിത്തിനെ റോഡില്‍വെച്ച് വെട്ടുകയായിരുന്നു. അഞ്ചുപേര്‍ കാറിലുണ്ടായിരുന്നെന്നാണ് അര്‍ഷിക പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്.

ചൊവ്വാഴ്ച പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍നിന്ന് ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ നാല് വാളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഫോറന്‍സിക് പരിശോധനാഫലം വരാന്‍ വൈകുന്നതിനാല്‍ ഇവ സഞ്ജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: RSS worker's Murder in palakkad, Drawing sketch of one of the accused