ആലപ്പുഴ: വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ ഒമ്പത് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട നന്ദുകൃഷ്ണയുടെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. വൈകിട്ട് ആറ് മണിയോടെ സംസ്‌കാരചടങ്ങുകള്‍ നടക്കും. 

ഒന്നാംപ്രതി അര്‍ഷാദ്, രണ്ടാംപ്രതി അഷ്‌കര്‍ എന്നിവര്‍ കാറില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് നന്ദുവിന്റെ തലയ്ക്ക് വെട്ടിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.  സംഭവത്തില്‍ എട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ആകെ 17 പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതില്‍ ഒമ്പത് പേരെ കൂടി തിരിച്ചറിയാനുണ്ട്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റവും ഗൂഢാലോചനയും അടക്കം 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ട് വടിവാളുകള്‍ പോലീസ് കണ്ടെടുത്തു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നന്ദുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആഹ്വാനം ജില്ലാ ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. രണ്ടു ദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.

അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്നു പ്രകടനങ്ങള്‍. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. അതിനിടെയാണ് നന്ദുകൃഷ്ണയ്ക്കും കെ.എസ്. നന്ദുവിനും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു.

Content Highlights: rss worker nandu krishna murder vayalar alappuzha police fir