പാലക്കാട്: പട്ടാപ്പകല്‍ ദേശീയപാതയില്‍നിന്ന് മീറ്ററുകള്‍ മാത്രം ഉള്ളില്‍ ഞെട്ടിക്കുന്ന കൊലപാതകം. ഭാര്യയുടെയും മമ്പറം റോഡിലെ യാത്രക്കാരുടെയും കണ്‍മുന്നില്‍വെച്ച് ശരീരമാസകലം വെട്ടി അരുംകൊല. അക്ഷരാര്‍ത്ഥത്തില്‍ പാലക്കാടിനെ ഞെട്ടിക്കുന്നതായിരുന്നു എലപ്പുള്ളി തേനാരി മണ്ഡലം ആര്‍.എസ്.എസ്. ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു വിവരവും ഇല്ല. പോലീസിനെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള ആരോപണപ്രത്യാരോപണങ്ങളും കേന്ദ്രസഹമന്ത്രിമാരടക്കമുള്ളവരുടെ സന്ദര്‍ശനങ്ങളും പോലീസിനെ കുറച്ചൊന്നുമല്ല സമ്മര്‍ദത്തിലാക്കിയത്. ഒരു തിങ്കളാഴ്ച നടന്ന കൊലപാതകത്തിനുശേഷം 34 സംഘമായുള്ള പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്ത തിങ്കളാഴ്ച ആദ്യ അറസ്റ്റ് നടന്നു.

വൈകിയെങ്കിലും അന്വേഷണം ശരിയായ ദിശയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് അന്വേഷണസംഘം. പോലീസിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും കരുതലോടെയായിരുന്നു അന്വേഷണം. വ്യക്തമായ തെളിവിനായുള്ള കാത്തിരിപ്പും സൂക്ഷ്മമായ നിരീക്ഷണവും ആദ്യ അറസ്റ്റിലേക്കെത്താന്‍ ചെറിയ കാലതാമസമുണ്ടാക്കി. എന്നാല്‍, ഇതിനോടകംതന്നെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളെത്തന്നെ അറസ്റ്റുചെയ്യാനായ സാഹചര്യത്തില്‍ മറ്റ് പ്രതികളിലേക്ക് ഉടന്‍ എത്തിപ്പെടാനാകുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണവിവരങ്ങള്‍ ചോര്‍ന്നുപോകാത്തവിധം പഴുതടച്ചുള്ള രഹസ്യസ്വഭാവമാണ് പോലീസ് സൂക്ഷിച്ചത്. ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കുറയുമെന്നാണ് കരുതുന്നത്.

പലപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നതിനിടെയാണ് നിര്‍ണായകവഴിത്തിരിവില്‍ എത്തുന്നത്.