പൊള്ളാച്ചി: പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തി. പൊള്ളാച്ചിയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച കാര്‍ കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ബുധനാഴ്ച കണ്ടെത്തി. കാറിന്റെ ഡോറുകളും ടയറുകളും എന്‍ജിനുമെല്ലാം വേര്‍പെടുത്തിയ നിലയിലായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടുപേര്‍ വെളളനിറത്തിലുള്ള മാരുതി 800 കാര്‍ പൊളിക്കാനായി കൊണ്ടുവന്നതെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമ പറഞ്ഞു. ആര്‍.സി. ബുക്കും മറ്റുരേഖകളും കാണിച്ചിരുന്നു. ഇവര്‍ക്ക് 15000 രൂപ നല്‍കിയാണ് കാര്‍ വാങ്ങിയത്. രണ്ടുദിവസം മുമ്പാണ് കാര്‍ പൊളിച്ചതെന്നും വര്‍ക്ക്‌ഷോപ്പ് ഉടമ പ്രതികരിച്ചു. 

കാര്‍ പൊളിച്ചുമാറ്റിയെങ്കിലും ഇതിന്റെ പാര്‍ട്‌സുകള്‍ നിലവില്‍ പോലീസ് സംരക്ഷണയിലാണ്. സയന്റിഫിക് വിദഗ്ധരെത്തി ഇവ വിശദമായി പരിശോധിക്കും. 

അതിനിടെ, കഴിഞ്ഞ ബുധനാഴ്ച രാവിലെ കാര്‍ പൊള്ളാച്ചിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍നിന്നാണ് കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 

നവംബര്‍ 15-നാണ് പാലക്കാട് എലപ്പുള്ളി മമ്പറത്തുവെച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ രണ്ടുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കൂടുതല്‍പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

Content Highlights: rss worker murder case palakkad car scraped in pollachi