പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. വെള്ള മാരുതി 800 കാറില്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം. അധികദൂരം ഈ കാറില്‍ സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ നിഗമനം. ഇതില്‍ വ്യക്തത വരുത്താന്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. 

പാലക്കാട് ജില്ലയോട് ചേര്‍ന്നുള്ള എസ്.ഡി.പി.ഐ. ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുന്ദംകുളം, ചാവക്കാട്, പൊന്നാനി, ചെറായി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രതികള്‍ ഇവിടങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. 

അതിനിടെ, കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. മുഖംമൂടിയോ മാസ്‌കോ ധരിക്കാതെയാണ് അക്രമികള്‍ എത്തിയതെന്നും റോഡിലൂടെ ആളുകള്‍ പോകുന്നതിനിടയ്ക്കാണ് കൃത്യം നടത്തിയതെന്നും അവര്‍ പ്രതികരിച്ചു. സംഭവസമയം ഒരു സ്‌കൂള്‍ ബസടക്കം അതിലൂടെ കടന്നുപോയിരുന്നതായും അര്‍ഷിക പറഞ്ഞു. 

കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ബി.ജെ.പി. നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പോലീസ് നിഷ്‌ക്രിയമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ബി.ജെ.പി. സംസ്ഥാന-ജില്ലാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞദിവസം രാവിലെയാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ആര്‍.എസ്.എസ്. ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. വീടിന് നൂറുമീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. വെളുത്ത കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സഞ്ജിത്തിനെ വലിച്ചിറക്കി വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. 15 വെട്ടുകളേറ്റ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Content Highlights: rss worker murder case palakkad police investigation is going on